Friday, February 15, 2008

മഴ

എന്റെ ഇന്ദുവിന്ന്
കടുത്ത വേനലിനു ശേഷം പെയ്യുന്ന ആദ്യ മഴ പോലെ തോന്നി, എനിക്ക് നിന്റെ കത്ത്. നിന്റെ പരാതികളും, പരിഭവങ്ങളും എല്ലാം ഞാന്‍ ഏറ്റുവാങ്ങുന്നു. ഈ മെയില്‍ വഴിയെങ്കിലും നിന്നെ ഞാന്‍ വിശേഷങ്ങള്‍ അറിയിച്ചില്ലാ എന്നു നീ എഴുതിയല്ലോ. എന്നും എപ്പോഴെങ്കിലും എന്റെ പ്രിയപ്പെട്ട ചിത്രകാരിയെ ഞാന്‍ ഓറ്ക്കാറുണ്ട്. ഇനി ഞാന്‍ ഇപ്പോഴത്തെ എന്നെ പറ്റി പറയാം.
എന്റെ ചിന്നുമോള്‍ക്ക് മൂന്നര വയസ്സായി. രാവിലെ എട്ടര മണിമുതല്‍ രാത്രി എട്ടര മണി വരെ അമ്മ എപ്പോള്‍ വരുമെന്നാലോചിച്ച്, വഴിയില്‍കൂടി പോകുന്ന ആളുകളെ തൊട്ട്, വിട്ടില്‍ കാണുന്ന പല്ലിയുടേയും പാറ്റയുടേയും വരെ അച്ഛനും അമ്മയും എവിടെ പോണേനെന്ന് ചോദിച്ച് പാവം തളറ്ന്നിരിക്കും. സുഭാഷിണി ചേച്ചി, കുഞ്ഞു കുട്ടി, ശാന്തമ്മ, ഭവാനി … ഇങ്ങിനെ പല ചേച്ചിമാരുടേയു കഥകള്‍ അവള്‍ പറയും. സുഭാഷിണീ ചേച്ചിയുടെ കാലു തിരുമ്മിയും, ആശുപത്രിയില്‍ കൊണ്ടുപോയും ഞാന്‍ മടുത്തപ്പോള്‍ കുഞ്ഞു കുട്ടി ചേച്ചി വന്നു. മുരളിയുടെ രണ്ടുമാസം കുടിച്ചു തീറ്ക്കാനുള്ള അമേരിക്കന്‍ വിസ്കി അവരൊറ്റയടിക്ക് തീറ്ത്തു. അന്നു വൈകുന്നേരം ഞാന്‍ വന്നപ്പോള്‍ വിസ്കിയുടെ ലഹരിയിലോ, കുറ്റബോധത്തിലോ അവറ് വെറുതേ കരയുന്നതും ചിന്നുക്കുട്ടി അവരുടെ കണ്ണുനീര്‍ തുടക്കുന്നതു കണ്ട് ഞാന്‍ തലറ്ന്നു പോയി.
അതുകഴിഞ്ഞ് ശന്തമ്മ. അല്പസ്വല്പം വിവരവും അതിനേക്കാളേറ തരികിടയുമുള്ള ശാന്തമ്മ വന്നതില്‍ പിന്നെ ചിന്നു അപ്പികൊണ്ട് ഭിത്തിയില്‍ ചിത്രം വരക്കാന്‍ വരെ തുടങ്ങി. (പണ്ടെപ്പോഴോ ഫ്രാന്‍സില്‍ ഒരു ചിത്രാകാരന്‍ ഇങ്ങനെ ഭംഗിയുള്ള പെയിന്റിങുകള്‍ ചെയ്യുന്നതായി പേപ്പറില്‍ ഞാന്‍ വായിച്ചിരുന്നു. ചിന്നു അത് കേട്ടിട്ടുണ്ടോ ആവോ !)
പിന്നെ വന്നത് ഭവാനി ചേച്ചി. ഒരുകൈയില്‍ ചൂലുമായി രൌദ്രഭാവം പൂണ്ട ആധുനീക പൂതനയെ ഞാണ്‍ കണ്ടത് അവരിലായിരുന്നു. അവരുടെ കൈയില്‍ നിന്നും അടികിട്ടാതെ ഞാനെപ്പോഴും ഒരു ദൂരത്തില്‍ നിന്ന് മാത്രമേ സംസാരിക്കാറുണ്ടായിരുന്നുള്ളൂ.
ഇങ്ങനെയൊക്കെയാണെങ്കിലും ആര്‍ വന്നാലും പോയാലും എന്റെ ചിന്നുവിന്‍ ഒരു പരാതിയുമില്ല. ഇന്നലെ ഉറങ്ങാന്‍ കിടന്നപ്പോള്‍ അവളെന്റെ കാതില്‍ പാടി – അമ്മേടെ കണ്ണില്‍ ഞാനില്ലേ , അമ്മേടെ ചുണ്ടില്‍ ഞാനില്ലേ.അതുകേട്ടപ്പോള്‍ എനിക്ക് തുള്ളിച്ചാടാന്‍ തോന്നി. ചെറിയൊരു പ്രതീക്ഷ – അവള്‍ വലുതാവ്മ്പോള്‍ കവിതകള്‍ എഴുതുമോ? ഇങ്ങിനെയുള്ള ചെറിയ സന്തോഷങ്ങളും, സ്വപ്നങ്ങളും മാത്രമാണ്‍ ഈ തിരക്കു പിടിച്ച ജീവിതത്തില്‍ ഒരു ആശ്വാസം.
എന്റെ ഇന്ദൂ, നീ കരുതുന്നതുപോലെ ഞാനിപ്പോള്‍ പഴയ സുന്ദരിയും ചുണക്കുട്ടിയുമായ ആ തെമ്മാടിപ്പണ്ണല്ല. ഡൈക്ക്ലോറോ മീതൈനും, ഈതൈല്‍ അസറ്റേറ്റും ശ്വസിച്ചിട്ട് തൊലിയെല്ലാം വരണ്ടുപോയി. ജോലികൂടുതല്‍ കൊണ്ടും ഉറക്ക കുറവു കൊണ്ടും കണ്ണും കവിളും അഗാധങ്ങളിലായി. അതിനെ പറ്റി ഓറ്ത്ത് വിഷമിക്കാന്‍ മുരളിക്കു പോലും സമയമില്ല. അവിടെ ശ്രീനു നിന്റെ ശരീര വടിവ് നിലനിറ്ത്താന്‍ ഇപ്പോഴും ഉലുവാ കഞ്ഞി കുടിപ്പിക്കാറുണ്ടാവുമല്ലേ. അമ്മു അവളുടെ അമ്മയുടെ കൂടെ പകലും രാത്രിയു മുഴുവന്‍ ആസ്വദിക്കുന്നുണ്ടാവും.
പ്രമോഷനുവേണ്ടി കമ്പനിയില്‍ നോറ്ത്ത് ഇന്ത്യാക്കാരന്റെ പൊളിറ്റിക്സ്ന്‍ ഒപ്പം പിടിച്ചു നില്‍ക്കാന്‍ ഞാന്‍ ഒത്തിരി പാടുപെട്ടു. ചിന്നുവിവ്റ്റെ മുഖം ഓറ്ക്കാന്‍ ശ്രമിക്കാതെ രാത്രിയും പകലും കഷ്ടപ്പെട്ട് ചെയ്തെടുത്ത ലൂപ്രലോയ്ഡിന്റെ ക്ക്രെഡിറ്റെല്ലാം ഒരുത്തന്‍ തട്ടിക്കൊണ്ടു പോയി.
അതെല്ലാം പോട്ടെ. ഇതിനിടയിലും ഞാന്‍ ഒരു ചെമ്പകവും മുല്ലയും നന്ത്യാറ്വട്ടവും നട്ടു വളറ്ത്തി കേട്ടോ. വളരെ നാള്‍കൂടി ഇന്നലെ രാവിലെ ഒരു മഴ പെയ്തു. ആ മഴയില്‍ നനഞ്ഞ് നന്ത്യാറ്വട്ട പൂക്കള്‍ പറിച്ചെടുക്കുമ്പോള്‍ എന്റെ മനസ്സില്‍ വല്ലാത്തൊരു നഷ്ടബോധം തോന്നി. പായലു പിടിച്ച് എന്റെ പഴയ വിട് ഇപ്പോഴും എനിക്ക് പ്രിയപ്പെട്ടതാണെന്ന് ഒരിക്കല്‍ കുടി ആ നഷ്ടബോധത്തിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു. കരിപിടിച്ച അടുക്കളയില്‍ ഓണത്തിന്‍ അമ്മ പല്ലിക്ക് വെച്ച സദ്യയിലൂടെ മഴവെള്ളം ഊറ്ന്നിരങ്ങിയതും തടി – കല്ലായി, വലിയ പുഴ – ഭാരത പുഴ തുടങ്ങിയ ചേച്ചിയുടെ പൊതു വിജ്ഞാന പട്ടിക മഴവെള്ളത്തിലൂടെ മാഞ്ഞു പോയതും ഒരു സ്വപ്നത്തിലെന്ന പോലെ ഞാന്‍ ഓറ്ത്തു പോയി.
മഴത്തുള്ളീകല്‍ അലങ്കരിച്ച നന്ത്യാറ്വട്ടവും ചെത്തിയും, തുളസിയും പറിച്ച് വാഴയില കൊണ്ട് കുമ്പിളുണ്ടാക്കി ക്രിഷ്ണന്റെ അമ്പലത്തിലേക്ക് തണുത്ത് നനഞ്ഞു വിറച്ച് ഓടാറുണ്ടായിരുന്ന ഞാനെവിടെ?
ചിലപ്പോള്‍ അതിന്റെ പുണ്യമാവം എനിക്കെന്റെ ചിന്നുവിനേയും അവളുടെ അച്ഛനേയും കിട്ടിയത്. എന്നാലും എന്റെ ക്രിഷ്ണനോട് ഞാന്‍ പറയാറുണ്ട് – ഏതു മാളികപ്പുറത്തിരുന്നാലും മനസ്സിലെങ്കിലും ഞാന്‍ പഴയതുപോലെ ആയിരിക്കണേ എന്ന്.
ഇന്ദൂ പറഞ്ഞ് പറഞ്ഞ് ഒത്തിരി രാത്രിയായി. എന്റെ ചിന്നുവിന്റെ കൂടെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങാന്‍ കൊതിയായി. ഇപ്പോള്‍ വീണ്ടും നേരം വെളുക്കും.
എന്ന് നിന്റെ സ്വന്തം
കാന്താരി.